പങ്കാളിത്ത വികസന പദ്ധതികള് അനിവാര്യം: പി ബാലചന്ദ്രന്

posted in: News Room | 0

ബഹുജന പങ്കാളിത്തത്തോട് കൂടിയുള്ള ഗ്രാമ വികസന പദ്ധ തികള് അനിവാര്യമെന്നും ഒരോ പദ്ധതികളും ജനങ്ങളുടെ കഴിവിനെ വര്ധിപ്പിക്കുന്നതിനോട് ഒപ്പം തന്നെ ഗ്രാമ വികസനം കൂടി സാധ്യമാക്കേണ്ടത് ആവശ്യമെന്നും ശ്രീ. പി. ബാലചന്ദ്രൻ, സി. ജി. എം. നബാർഡ് അഭിപ്രായപ്പെട്ടു.
എം എസ് സ്വാമിനാഥന് ഗവേഷണ നിലയം നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ നൂൽപ്പുഴ നീര്ത്തട വികസന പദ്ധതിയുടെ വിജയകരമായ പരിസമാപ്തിയില് പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വില്ലജ് നീർത്തട സമിതികൾ സജീവമായി പ്രവർത്തിക്കുന്ന പ്രദേശത്തെല്ലാം പദ്ധതികള് നൂറ് ശതമാനം ലക്ഷ്യം കണ്ടിട്ടുണ്ടെന്നും നൂൽപ്പുഴ വില്ലജ് നീർത്തടസമിതി വളരെ മികച്ച രീതിയില് പ്രവർത്തിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം എസ് സ്വാമിനാഥന് ഗവേഷണ നിലയം മറ്റ് സ്ഥാപനങ്ങളുടെ സഹായത്തോട് കൂടി നൂൽപ്പുഴ പ്രദേശത്ത് പദ്ധതിക്ക് അനുവദിച്ച തുകയേക്കാള് ഏറെ ചിലവഴിക്കുകയും അത് മുഴുവന് പ്രദേശത്തിനും ഗുണകരമായി എന്നും ചടങ്ങ് ഉല്ഘാടനം ചെയ്തു കൊണ്ട് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സതീഷ് അഭിപ്രായപ്പെട്ടു.

ജീവനോപാധി എന്ന നിലയില് പോത്തിന് കുട്ടികളുടെ വിതരണവുമായി ബന്ധപ്പെട്ട് ലോണ് വിതരണോല്ഘാടനം ശ്രീ പി ബാലചന്ദ്രന് നിര്വ്വഹിച്ചു. കേരളാ ബാങ്കിന്റെ സാമ്പത്തിക സഹായം ആണ് പദ്ധതി പ്രദേശത്തെ ആളുകൾക്ക് പോത്തിന് കുട്ടികളെ വാങ്ങുന്നതിന് ലഭ്യമാക്കിയിരിക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ എന്തും നേടിയെടുക്കാന് സാധിക്കുമെന്നതിന് തെളിവാണ് നൂൽപ്പുഴ വില്ലജ് നീര്ത്തട സമിതിയുടേത് എന്ന് കേരളാ ബാങ്ക് അഗ്രിക്കള്ച്ചര് ഓഫീസര് ശ്രീമതി ആഷാ ഉണ്ണി അഭിപ്രായപ്പെട്ടു.

ഒരു പ്രദേശത്തെ ആളുകളുടെ സാമ്പത്തിക സുസ്ഥിരത അവർ പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണെന്ന് ശ്രീമതി ജിഷ വടക്കുമ്പാടന് (AGM, വയനാട് )അഭിപ്രായപ്പെട്ടു. നബാർഡ് പ്രദേശത്തെ മണ്ണ് ജല വിഭവങ്ങളെ സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനും അതുപോലെ സാമ്പത്തീക സുസ്ഥിരത ഉറപ്പാക്കുന്നതിനും ശ്രമിക്കുന്നുണ്ട് എന്നും ശ്രീമതി ജിഷ കൂട്ടിച്ചേര്ത്തു.

നൂല്പ്പുഴ സെയിന്റ് ജോസഫ് പള്ളിയുടെ പാരിഷ് ഹാളിൽ ചേർന്ന യോഗത്തില് ശ്രീമതി അഖില അധ്യക്ഷത വഹിക്കുകയും ശ്രീ കെ. ടി കുര്യാക്കോസ് സ്വാഗതവും ശ്രീ . നിഖില് നന്ദി പറയുകയും ചെയ്തു.